ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് കസ്റ്റംസ്
തിരുവനന്തപുരം : ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെന്ന് കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്നസുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറഞ്ഞതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.