Top Stories

പി.സി ചാക്കോ കോൺഗ്രസ്‌ വിട്ടു

കൊച്ചി : കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. പാർട്ടിയിലെ അവഗണനയെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സുകാരനായിരിക്കുക എന്നത് കേരളത്തിൽ അസാധ്യമാണന്നും കേരളത്തിൽ ഗ്രൂപ്പുകാരനായിരിക്കാൻ മാത്രമേ കഴിയൂ എന്നും പി.സി ചാക്കോ ആരോപിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനെതിരെയും പാർട്ടിയിലെ ഗ്രൂപ്പുകൾക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനമാണ് അദ്ദേഹം പത്രസമ്മേളനത്തിൽ ഉന്നയിച്ചത്.

ഗ്രൂപ്പ് താത്പര്യങ്ങൾക്കനുസരിച്ചാണ് സ്ഥാനാർഥി നിർണ്ണയമെന്ന് പി.സി ചാക്കോ ആരോപിച്ചു. പേരുകളെല്ലാം ഉമ്മൻചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ മനസ്സിൽ മാത്രമാണ്. അതല്ലെങ്കിൽ അവരോടൊപ്പം നിൽക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണ്. ഒറ്റ നിയോജകമണ്ഡലത്തിൽ പോലും ആരുടെ പേരാണ് നിർദേശിക്കുന്നതെന്ന് പ്രദേശ് ഇലക്ഷൻ കമ്മിറ്റി അറിഞ്ഞിട്ടില്ല. കുറേ പേരുകൾ ചെന്നിത്തലയും ഉമ്മൻചാണ്ടിയും തന്നിട്ടുണ്ടാവും. അത് മാത്രമാണ് സ്ക്രീനിങ് കമ്മറ്റി സ്ക്രീൻ ചെയ്തത്. കോൺഗ്രസ്സിന്റെ അപചയമാണിത് കാണിക്കുന്നതെന്നും പിസി ചാക്കോ ആരോപിച്ചു.

14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റി ആ കമ്മറ്റി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. കോൺഗ്രസ്സ് നടപടിക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷൻ കമ്മറ്റിയിൽ സ്ഥാനാർഥികളുടെ ലിസ്റ്റ് വെക്കണം. ഓരോസീറ്റുകളെ കുറിച്ച് ചർച്ച നടത്തി പാനൽ സ്ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെൻട്രൽ എലക്ഷൻ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവിൽ നടന്നിട്ടില്ല, പിസി ചാക്കോ പറഞ്ഞു. പ്രാഥമികമായി ചെയ്യേണ്ടത് കേരളത്തിലെ ഇല്ഷൻ കമ്മറ്റിയിൽ സ്ഥാനാർഥികളടങ്ങുന്ന പാനൽ സമർപ്പിക്കേണ്ടതാണ്. അത് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ലന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

എഐസിസി, ഡിസിസി, കെപിസിസി ബ്ലോക്ക് മണ്ഡലം വരെയുള്ള ഭാരവാഹി നിർണ്ണയം ഗ്രൂപ്പ് നേതാക്കൻമാർ വീതംവെക്കുകയാണ്. ഐക്ക് എട്ട് എയ്ക്ക് 9 എന്ന വീതം വെക്കൽ ഏർപ്പാടല്ലാതെ മെറിറ്റ് പരിഗണനയിലില്ല. ജയസാധ്യത പരിഗണിക്കുന്നില്ല. എയുടെ സീറ്റ് എയും ഐയുടെ സീറ്റ് ഐയും തീരുമാനിക്കുന്നു. കേന്ദ്രകമ്മറ്റിയിലെത്തുമ്പോഴും എയ്ക്ക വേണ്ടി എയും ഐയ്ക്ക വേണ്ടി ഐയും പ്രവർത്തിക്കുകയാണ്. വി എം സുധീരൻ ഏറ്റവും എഫക്ടീവായി പ്രവർത്തിച്ച പ്രസിഡന്റാണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ആർക്കും പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. അതിന് ഹൈക്കമാൻഡിന്റെ അംഗീകാരവും സംരക്ഷണവുമുണ്ട്. അതിനാലാണ് രാജിവെക്കുന്നത്.

കോൺഗ്രസ്സുകാരനായിരിക്കുക എന്നത് കേരളത്തിൽ അസാധ്യമാണ്. കേരളത്തിൽ ഗ്രൂപ്പുകാരനായിരിക്കാൻ മാത്രമേ കഴിയൂ. രണ്ടായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് ഇന്ന് കോൺഗ്രസ്സ്. അതിനാൽ ഇതുമായി യോജിച്ചു പോവാൻ സാധ്യമല്ല. അതിനാലാണ് കോൺഗ്രസ്സിനോട് വിടപറയുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.

കോൺഗ്രസ്സിന് ഒരു ദേശീയ നേതൃത്വമില്ല. ഒരു വർഷം പ്രസിഡന്റില്ലാതെ തലയില്ലാതെ പോയൊരു ഘട്ടത്തിൽ അനാരോഗ്യം ഉണ്ടായിട്ടും നിവൃത്തിയില്ലാതെയാണ് സോണിയ പ്രസിഡന്റായത്. കോൺഗ്രസ്സിനെ ഉൻമൂലനം ചെയ്യാനുള്ള ബിജെപി ശ്രമത്തെ കോൺഗ്രസ്സിന് നേരിടാൻ കഴിയാതെപോകുന്നത് കോൺഗ്രസ്സിന്റെ ദൗർബല്യം കൊണ്ടാണ്. അല്ലാതെ ബിജെപിയുടെ ശക്തികൊണ്ടല്ല. നിലവിൽ ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള അവസരം അവിടെയില്ല. വേറെ എവിടെയും പോവാനല്ല രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button