News

ദുരന്തമുഖത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയം കളിക്കുന്നുവെന്ന് ചെന്നിത്തല

 

തിരുവനന്തപുരം : അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി പണം നൽകാൻ അഞ്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റികൾ  കളക്ടർമാരെ സമീപിച്ചു എന്നാൽ കളക്ടർമാർ പണം വാങ്ങാൻ തയ്യാറായില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ കാണാൻ പോലും തയ്യാറായില്ലന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രി ദുരന്ത മുഖത്ത് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ഇത്ര ധാര്‍ഷ്ട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഒരു മാറ്റവും കഴിഞ്ഞ നാല് വർഷമായിട്ടും ഉണ്ടായിട്ടില്ല. എത്ര പി.ആർ ഏജൻസികൾ ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ മടങ്ങിവരവില്‍ ആശയക്കുഴപ്പം തുടരുന്നു. അവരെ ക്വാറന്‍റീന്‍ ചെയ്യുന്നതില്‍ വ്യക്തതയില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ല. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെ ഗൾഫിൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അത് കേരളത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഗൾഫിൽനിന്നു കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരൂ എന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞത്.

പ്രവാസികളെ കണ്ണൂർ വിമാനത്താവളത്തിൽ കൊണ്ടുവരില്ല എന്നും അതിന്റെ കാരണം അറിയില്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികളെ കൊണ്ടുവരും എന്നാണ് വി. മുരളീധരൻ പറഞ്ഞത്. 80,000 പ്രവാസികളെയേ തിരികെ കൊണ്ടുവരുള്ളൂ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ആഗ്രഹിക്കുന്ന എല്ലാവരേയും തിരികെ കൊണ്ടുവരുമെന്നാണ് കേന്ദ്ര സഹമന്ത്രി പറയുന്നത്.
മുൻഗണനാ പട്ടികയിൽനിന്നു നിരവധി ആളുകളെ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറയുന്നു എന്നാൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മരിച്ചവരുടെ ബന്ധുക്കളെ കൂടി തിരികെ കൊണ്ടുവരുമെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്.

രാജ്യം വളരെ വലിയ ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടാകുമെന്നും
ദുരന്തമുഖത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പ്രവാസികളുടെ യാത്രാചെലവ് വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് നല്‍കണം. നോര്‍ക്കയും യാത്രാചെലവിനായി ഫണ്ട് വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ സ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ ആളുകളെ തിരികെ എത്തിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button