ഇടുക്കി ഡാം തുറന്നു
ഇടുക്കി : ഇടുക്കി ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.
ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.
2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമിൽ ചൊവ്വാഴ്ച രാവിലെ 2397.86 അടിയിൽ ജലനിരപ്പ് എത്തിയതോടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണമെന്നാണ്.
ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.