Top Stories

കോവിഡ് വ്യാപനം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം :  സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.

ഹോട്ടലുകളും കടകളും രാത്രി ഒൻപത് മണി വരെയേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തിൽ അഭിപ്രായം ഉയർന്നു. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഷോപ്പിങ് മാളുകളിൽ നടക്കുന്ന വിൽപ്പന മേളകൾ എന്നിവ നിർത്തിവെക്കാൻ നിർദ്ദേശിക്കും.

അടച്ചിട്ട മുറികളിൽ നടക്കുന്ന പൊതുപരിപാടികൾക്ക്‌ 100 പേര്‍ മാത്രമേ പങ്കെടുക്കാവൂ . തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.  പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വിവാഹ ചടങ്ങുകൾക്കടക്കം ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button