രണ്ട് ലക്ഷം ഡോസ് കോവാക്സിന് ഇന്ന് സംസ്ഥാനത്തെത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. രണ്ട് ലക്ഷം ഡോസ് കോവാക്സിന് ഇന്ന് സംസ്ഥാനത്തെത്തും. വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവാക്സിന് മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്.
മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസാണ് വിതരണം ചെയ്യുന്നത്. ഇത് ഉയർത്തി പ്രതിദിനം ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തിരമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.