News

അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകനല്ല; കൊലപാതക കാരണം അറിയില്ല: അച്ഛൻ

ആലപ്പുഴ : ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റു മരിച്ച 15 കാരന്‍ അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്ന് അച്ഛന്‍ അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്‌നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. കുടുംബം മൊത്തം കമ്യൂണിസ്റ്റുകാരാണ്. അഭിമന്യു ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് പോകേണ്ടതാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അമ്പിളി കുമാര്‍ പറഞ്ഞു.

അതേസമയം അഭിമന്യു വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. അഭിമന്യു എസ് എഫ് ഐ പ്രവർത്തകനാണ്. പ്രദേശത്ത് നേരത്തെ മുതല്‍ സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷമുണ്ട്. അഭിമന്യുവിന്റെ സഹോദരന് നേര്‍ക്ക് ചില ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ട്. അനന്തുവിനെ തേടിവന്ന ആര്‍എസ്‌എസുകാര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി എന്ന് സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു മാധ്യമങ്ങളോട് പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം വള്ളികുന്നത്ത് ഹര്‍ത്താല്‍ ആചരിക്കകുയാണ്.

എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിലും പറയുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളികുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അഭിമന്യുവിന്റെ സഹോദനും മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്തു വെച്ച്‌ വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും, ഇതിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button