Top Stories

കോവിഡ് വ്യാപനം രൂക്ഷം; പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും: ആരോഗ്യമന്ത്രി

കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമെന്നും, രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും  ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ട്, കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, കോവിഡ് പടരാൻ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതുപോലെ തന്നെ ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. എവിടെയെങ്കിലും രോഗം കൂടുതലായി കണ്ടാല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ട്. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല. മെഗാ വാക്സിനേഷൻ ക്യാമ്പിലൂടെ എല്ലാവർക്കും വാക്സിൻ നൽകാനുള്ള ദൗത്യം കേരളം നിർവഹിക്കുമ്പോൾ വാക്സിൻ ക്ഷാമം തിരിച്ചടിയാകും. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടിയ അളവില്‍ വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് അവതാളത്തിലാകുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന ആരോപണം തെറ്റാണെന്നും, ജലദോഷ ലക്ഷണം കണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി ക്വാറന്റീനില്‍ പോയി എന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്തിനും വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലാണ് ചികില്‍സ തേടിയത്. വീട്ടില്‍ നില്‍ക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ശ്രദ്ധിക്കണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചതിനാലാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button