Top Stories

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് കോടതി തീരുമാനം. ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പിനാരായണന്റെ ആവശ്യം കോടതി തള്ളി.  റിപ്പോർട്ടിൽ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും ഇത് സിബിഐക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി.

കേരള പോലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോർട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്. അതേസമയം കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2018 സെപ്റ്റംബറിലാണ് ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button