Top Stories

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി.

രണ്ട് എഫ്‌ഐആറുകളാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. ഇതു രണ്ടും ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ സമാഹരിച്ച മൊഴി അടക്കമുള്ള വിവരങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇവ പരിശോധിച്ച്‌ വിചാരണക്കോടതിക്കു തുടര്‍ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതിയുടെ പരിശോധനയില്‍ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇഡി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button