കെ.എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം ഷാജി എം എല്‍ എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. റെയ്ഡിൽ ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി.
കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. വീടുകളില്‍ നിന്ന് 48 ലക്ഷത്തിലധികം രൂപയാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്. പണവും കണ്ടെത്തിയ രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി.
പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍നിന്നാണ് ലഭിച്ചത്?, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കാണ് ഷാജിയില്‍ നിന്ന് ഉത്തരം തേടുന്നത്. ഇത് മുന്‍നിര്‍ത്തി വിജിലന്‍സ് സംഘം പ്രത്യേക ചോദ്യാവലി തയാറാക്കി. ചോദ്യം ചെയ്യലിന് ശേഷം വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.