Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 2,61,500 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി.18,01,316 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേർ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോവിഡ് രൂക്ഷമായ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം ഗണ്യമായി കൂട്ടാന്‍ ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. യുപിയില്‍ കര്‍ഫ്യൂ തുടങ്ങി. മധ്യപ്രദേശ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്. കേരളത്തിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.