Top Stories
കോവിഡിന്റെ രണ്ടാം തരംഗം: രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡിനെതിരെ വലിയ പോരാട്ടമാണ് നടത്തുന്നതെന്നും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ പ്രവര്‍ത്തിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്സിന്‍ വികസിപ്പിച്ചത്.
തദ്ദേശീയമായി ഇന്ത്യ രണ്ട് വാക്സിനുകള്‍ നിര്‍മ്മിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാക്സിന്‍ ലഭിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിന്‍ നല്‍കി. മേയ് ഒന്നുമുതല്‍ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്സിനേറ്റ് ചെയ്ത് കഴിഞ്ഞു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പരിശ്രമിക്കുന്നുണ്ട്.
നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാനായാണെന്നും മോദി വ്യക്തമാക്കി.
ലോക്ക് ഡൌണ്‍ അവസാന ഉപാധിയെന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാനാവൂ. മൈക്രോ കണ്ടെയന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവുമെന്നും മോദി പറഞ്ഞു.
ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്, നാളെ രാമനവമിയാണ്, മര്യാദാപുരുഷോത്തമനായ രാമനെ പോലെ നമ്മളെല്ലാവരും മര്യാദ പാലിക്കണം. ഇതു പവിത്രമായ റംസാന്‍ കാലമാണ്. ധൈര്യവും ആത്മബലവും നല്‍കുന്ന മാസമാണ് റംസാന്‍. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഈ ആത്മബലവും കരുത്തും നമ്മുക്കുണ്ടാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്യ്തു.