രാജ്യത്ത് ഇന്ന് മൂന്നരലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്ത് അതിതീവ്രമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 332,730 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു. ഇതില്‍ 1,36,48,159 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,263 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 186,920 ആയി ഉയര്‍ന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്നാണ് റിപ്പോർട്ട്. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്.