Top Stories

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്; സൗജന്യവാക്സിനേഷന്‍ തുടരും

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോവിഡ് വാക്‌സിന്‍ അയച്ചിട്ടുണ്ട്. അത് തുടര്‍ന്നും ഉണ്ടാകും. സൗജന്യവാക്സിനേഷന്‍ പദ്ധതിയുടെ പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റെഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം. സംസ്ഥാനങ്ങള്‍ക്കുള്ള സൗജന്യ വാക്‌സിനേഷന്‍ പദ്ധതി ഭാവിയിലും തുടരും. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്‌സിന്‍ ലഭ്യമായി തുടങ്ങും. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുത്. നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അത് നിറവേറ്റിക്കൊണ്ടിരിക്കുകയാണന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ തന്നെ പിടിച്ചു കുലുക്കി. പീയപ്പെട്ട പലരും ഇക്കാലയളവില്‍ നമ്മെ വിട്ടകന്നു. രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടമാണ് രാജ്യത്തിന് വേണ്ടത്. നമ്മള്‍ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടതിനുശേഷം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ന്നതായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു. അത് തന്നെയാണ് ഇത്തവണയും വേണ്ടത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും നിലവില്‍ കോവിഡിനെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. രണ്ടാം തരംഗത്തെ നേരിടാന്‍, മരുന്ന് കമ്പനികള്‍, ഓക്സിജന്‍ നിര്‍മാതാക്കള്‍ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി  പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button