സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യം
കൊച്ചി : കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ലാബിലുളള ഒരോ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പെതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.
ഈ അദ്ധ്യയന വര്‍ഷത്തില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇത്തവണത്തെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അപ്രസക്തമാണെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറയുന്നു.
മൈക്രോസ്‌കോപ്പ്, കമ്പ്യൂട്ടർ, മറ്റ് ലാബ് ഉപകരണങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കേണ്ട സാഹചര്യമാണ് ഓരോ സ്‌കൂളുകളിലുമുള്ളത്. ഉപയോഗം കഴിഞ്ഞ് അണുവിമുക്തമാക്കി ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് പ്രായോഗികമല്ല. അതിനാല്‍ രോഗനിരക്ക് കുറഞ്ഞതിന് ശേഷം പരീക്ഷകള്‍ സുരക്ഷിതമായി നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരടേയും ആവശ്യം.