Cinema

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോസാഞ്ചലസ് : തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിന്‍സ് ആണ് മികച്ച നടന്‍. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാന്‍ഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടാണ് മികച്ച നടി. നോമാഡ്‌ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം.

എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ ആന്റണി ഹോപ്കിന്‍സിനെ തേടി ഓസ്കാർ പുരസ്‌കാരമെത്തിയിരിക്കുന്നത്. മികച്ച നടനുള്ള അവാര്‍ഡ്​ നേടുന്ന ഏറ്റവും ​പ്രായം കൂടിയ ആളെന്ന ബഹുമതിയും ആന്‍റണിക്ക്​ സ്വന്തമായി.​ ചൈനീസ് വംശജയായ അമേരിക്കന്‍ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും, ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ‘ജൂദാസ് ആന്‍ഡ് ദ ബ്ലാക് മിശിഹ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. ‘മിനാരി’യിലെ വേഷത്തിന്​ യുനു യു ജംഗ് മികച്ച സഹനടിക്കുള്ള പുരസ്​കാരം നേടി. ​

മികച്ച ആനിമേഷന്‍ ചിത്രം: സോള്‍

മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍)

മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റല്‍

മികച്ച ഛായാഗ്രഹണം : എറിക് മെസര്‍ഷ്മിറ്റ്(മാന്‍ക്)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്

ഒറിജിനല്‍ സോംഗ്: ഫൈറ്റ് ഫോര്‍ യു(ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ്

മികച്ച ആനിമേഷന്‍ ചിത്രം(ഷോര്‍ട്ട്): ഈഫ് എനിതിംഗ് ഹാപ്പന്‍സ് ഐ ലൗ യൂ

മികച്ച ഡോക്യുമെന്ററി(ഷോര്‍ട്ട്): കൊളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഓക്ടോപസ് ടീച്ചര്‍

മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button