സോളാര്‍ തട്ടിപ്പ്: സരിതക്ക് 6 വര്‍ഷം കഠിന തടവ്
കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറുവര്‍ഷം കഠിന തടവ്. 40,000 രൂപ പിഴയും സരിത അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്‍റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്.
കോഴിക്കോടുള്ള വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പുകളിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.
2018 ഒക്ടോബറിലാണ് വിചാരണ പൂർത്തിയായത്. കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഡിവൈഎസ്പി ജെയ്സണ് അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ്ജ് ജോസഫ് ഹാജരായി.