കുണ്ടറയിൽ സ്വന്തം കാർ ആക്രമിച്ച സംഭവം: ഷിജു വർഗീസ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ദിനം കുണ്ടറയിൽ സ്ഥാനാർത്ഥിയായിരുന്ന ഇഎംസിസി എംഡി ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് പോലീസ് ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തത്. ഷിജുവിനെ കൂടാതെ തിരുവനന്തപുരം സ്വദേശിയായ ഒരു ക്വട്ടേഷന്‍ സംഘാംഗവും പോലീസ് പിടിയിലായിട്ടുണ്ട്. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗത്തിന്റെ മൊഴി പ്രകാരമാണ് ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. കാർ കത്തിച്ച സംഭവം ഷിജു വർഗീസ് തന്നെ ആസൂത്രണം ചെയ്ത സംഭവമായിരുന്നെന്നാണ് പോലീസ് കരുതുന്നത്. സംഭവം ഷിജു വർഗീസിന്റെ നാടകമായിരുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയും മുൻപ് ആരോപണമുന്നയിച്ചിരുന്നു. അതേ നിഗമനത്തിലേക്ക് തന്നെയാണ് പോലീസും എത്തുന്നതെന്നാണ് സൂചന.
കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു ഷിജു വർഗീസ്.