കേരളം ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങും
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങളാകാമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ട സാഹചര്യമില്ല എന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
അതേസമയം, കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ മന്ത്രിസഭാ യോഗം തരുമാനിച്ചു. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടെ ഒരു കോടി ഡോസ് വാക്സിൻ പണം നൽകി വാങ്ങാനാണ് തീരുമാനം. 18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിനാണ് വാങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.