സിദ്ദിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് വൈദ്യചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.
കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യയും സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹേബിയസ് കോര്‍പ്പസ് ഹർജി പരിഗണിച്ച ബെഞ്ച് നിര്‍ദേശിച്ചു. യുപി ഗവര്‍ണമെന്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു.
കസ്റ്റഡിയിലുള്ള പ്രതിയെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്നും കോടതി യുപി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന് പ്രമേഹ രോഗവും രക്തസമ്മര്‍ദ്ദവുമുണ്ട്. കൂടാതെ, ജയിലില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ മതിയായ വൈദ്യസഹായം ലഭിക്കുമോയെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.എന്നാല്‍, മഥുര ആശുപത്രിയിലെ സൗകര്യങ്ങള്‍ മതിയെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍ കോടതി ഇത് അവഗണിച്ച് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.