Top Stories

സംസ്ഥാനത്ത് ഇന്നു മുതല്‍ ഒരാഴ്ച കടുത്ത നിയന്ത്രണം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ ഒരാഴ്ച കടുത്ത നിയന്ത്രണം. ഇന്നും നാളെയുമുള്ള സെമി ലോക്ക്ഡൗണിന് പുറമെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍,  അടിയന്തരാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങള്‍, കമ്പനികള്‍, റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്ലറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കണം. ജീവനക്കാര്‍ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖ കരുതണം.

ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല. ഐ.ടി.-അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കല്ലാതെ ബാക്കിയെല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം, അല്ലെങ്കില്‍ വിശ്രമം അനുവദിക്കണം. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും. ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പത്തുമുതല്‍ ഒരുമണിവരെ മാത്രം പ്രവേശനം. ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ്, ചരക്ക് സര്‍വീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്സി വാഹനങ്ങള്‍ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ യാത്രാരേഖ കരുതണം.

കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താം. വിവാഹത്തിന് പരമാവധി 50 പേര്‍മാത്രം. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. മറുനാടന്‍ തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ ജോലിയെടുക്കുന്നതിന് തടസ്സമില്ല.വീട്ടുജോലിക്ക് പോകുന്നവരെയും പ്രായമായവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവരുടെയും യാത്ര തടയില്ല.

കൃഷി, പ്ലാന്റേഷന്‍, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്താം. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. സിനിമ, സീരിയല്‍, ഡോക്യുമെന്ററി തുടങ്ങിയ ഇന്‍ഡോര്‍-ഔട്ട്ഡോര്‍ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.

അതിനിടെ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഒത്തുകൂടലിനും ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button