Top Stories

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് തുടര്‍ഭരണം

കേരള ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് തുടര്‍ഭരണം. 140 ല്‍ 99 സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ്  തുടർഭരണത്തിലേക്ക്. തകർന്ന് തരിപ്പണമായി 41സീറ്റുകളില്‍ ഒതുങ്ങി യുഡിഎഫ്.

യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി ചിത്രത്തിലേ ഇല്ലാതായി. രണ്ടിടത്ത് മത്സരിച്ച കെ സുരേന്ദ്രനും സിറ്റിങ് സീറ്റായ നേമത്ത് കുമ്മനവും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തോല്‍വി അറിഞ്ഞു. ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ട് ബിജെപി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതല്‍ തന്നെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. ഒരുഘട്ടത്തില്‍പ്പോലും യുഡിഎഫിന് അറുപതിലേക്ക് ലീഡ് നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മലപ്പുറം, വയനാട്,എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് ആശ്വാസിക്കാന്‍ അവസരം ലഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ കോവളം മാത്രം യുഡിഎഫിനൊപ്പം നിന്നു. കൊല്ലത്ത് നില മെച്ചപ്പെടുത്താന്‍ യുഡിഎഫിനായി. കഴിഞ്ഞവണ ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് കരുനാഗപ്പള്ളിയും കുണ്ടറയും യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൊത്തത്തില്‍ എൽഡിഎഫ് മുന്നേറ്റം.

ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ചുവപ്പ് കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. ഇടുക്കിയില്‍ തൊടുപുഴയിലെ പി ജെ ജോസഫ് അല്ലാതെ യുഡിഎഫിൽ ആരും ജയിച്ചില്ല. എറണാകുളത്ത് എല്‍ഡിഎഫിന്റെ സ്ഥിതി മെച്ചപ്പെട്ടു. അഞ്ചിടങ്ങളില്‍ ജയിക്കാനായി.

ചാലക്കുടി മാത്രമാണ് തൃശൂരില്‍ യുഡിഎഫിനെ തുണച്ചത്. ബിജെപി കരുത്തു കാട്ടിയ തൃശൂരില്‍ എല്‍ഡിഎഫ് അവസാനം വരെ പൊരുതി വിജയം പിടിച്ചെടുത്തു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടും പാലക്കാടും മാത്രം യുഡിഎഫിനൊപ്പം നിന്നു.

കോഴിക്കോട് വടകരയില്‍ കെ കെ രമയുടെ വിജയം സിപിഎമ്മിന് രാഷ്ട്രീയമായ തിരിച്ചടിയായി. കൊടുവള്ളി മാത്രമാണ് വടകര കൂടാതെ യുഡിഎഫിനെ തുണച്ചത്. മലപ്പുറത്ത് യുഡിഎഫ് എട്ട് സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് അഞ്ച് സീറ്റില്‍ ജയിച്ചു. വയനാട്ടില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ജയിച്ചു.

എം കെ മുനീര്‍, ഷിബു ബേബിജോൺ, കെ എസ് ശബരീനാഥന്‍, അനില്‍ അക്കര, വി ടി ബല്‍റാം, ബാബു ദിവാകരൻ, കെ എൻ എ ഖാദർ, കെ എം ഷാജി, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി നിരവധി പ്രമുഖ യുഡിഎഫ് നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങി.

എല്‍ദോ എബ്രഹാം, ജോസ് കെ മാണി, ശ്രെയംസ് കുമാർ, എം സ്വരാജ് തുടങ്ങിയവരാണ് എല്‍ഡിഎഫ് നിരയില്‍ തോറ്റ പ്രമുഖര്‍. കുണ്ടറയിൽ ജെ മെഴ്‌സിക്കുട്ടിയമ്മ തോറ്റു.  തോറ്റ ഒരേയൊരു മന്ത്രിയാണ് മെഴ്‌സിക്കുട്ടിയമ്മ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button