കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളമടക്കം 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം. 8923.8 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പണം ശനിയാഴ്ച കൈമാറിയെന്ന് കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിന് 240.6 കോടിയാണ് അനുവദിച്ചത്. ഉത്തര്‍പ്രദേശ് 1,441.6 കോടി, മഹാരാഷ്ട്ര 861.4 കോടി, പശ്ചിമബംഗാള്‍ 652.2 കോടി, മധ്യപ്രദേശ് 588. 8 കോടി, രാജസ്ഥാന് 570.8 കോടി, തമിഴ്നാട് 533.2 കോടി എന്നിങ്ങനെയാണ് നൽകിയത്.
ഇതിനുപുറമേ കേന്ദ്രം അനുവദിച്ച അരലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായി കേന്ദ്രമന്ത്രി വി മുരളീധരന് അറിയിച്ചു. 2021–-2022 ലെ യുണൈറ്റഡ് ഗ്രാന്റ്സ് ആദ്യഗഡുവായാണ് ഇത്രയും തുക അനുവദിച്ചത്.15-ാം ധനകമ്മിഷന് ശുപാര്‍ശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണു നല്‍കേണ്ടതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നേരത്തേയാക്കി.