തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
കോട്ടയം : തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്ബര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത്, നിറക്കൂട്ട്, എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
1985-ല്‍ ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ച ഡെന്നീസ് ജോസഫ് ജോഷി, തമ്പി കണ്ണന്താനം, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കി. മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ച തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താര പദവിയില്‍ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദര്‍ശന്‍റെ ഗീതാഞ്ജലിയാണ്.
ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം.എന്‍.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്നും ബിരുദവും നേടി. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിരുന്നു. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.