കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു.101 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തിലേക്ക് എത്തിയ കെആര്‍ ഗൗരിയമ്മ അന്‍പതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു
സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിക്കുന്നത്. കമ്യുണിസ്റ്റ് ആശയങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ ആർ ഗൗരി.
തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ കോളിളക്കം സൃഷ്ടിച്ച കാര്‍ഷിക പരിഷ്കരണ നിയമം പാസാക്കിയത് കെആര്‍ ഗൗരിയമ്മയാണ്. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകള്‍ക്ക് ഗൗരിയമ്മ എന്ന പ്രഗത്ഭയായ ഭരണാധികാരി തുടക്കമിട്ടു.
1919 ജൂലൈ 14-ന് ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുന്‍പായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1946-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1957-ലെ ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കാരുകളിലായി അവര്‍ അഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1957-ല്‍ ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. പാര്‍ട്ടി മുന്‍കൈയ്യെടുത്ത നടത്തിയ വിവാഹമായിരുന്നു ഇത്. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാല്‍ ടി.വി സിപിഐയോടൊപ്പമായിരുന്നു.
1987 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതേ വര്‍ഷം അവര്‍ ജെഎസ്‌എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ജെഎസ്‌എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട 1994 മുതല്‍ 2016 വരെ യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നല്‍കി സിപിഎം എല്‍ഡിഎഫിലേക്ക് കൊണ്ടു വന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.