മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു
തൃശ്ശൂര്‍ : എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 81 വയസായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു. കരുണം, പരിണാമം,മകള്‍ക്ക്, ദേശാടനം,സഫലം,ഗൗരീശങ്കരം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം, മഹാപ്രസ്ഥാനം, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘മഹാപ്രസ്ഥാനം’ എന്ന നോവലിനു ലഭിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്.