Top Stories

തെക്കൻ ജില്ലകളിൽ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം : വെള്ളിയാഴ്ച പ്രഖ്യാപിച്ച തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലട്ട് പിന്‍വലിച്ച്‌ യെല്ലോ അലര്‍ട്ടായി. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയതായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. കാലടി ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം. എന്നാൽ ഇത് കടന്ന് പോവുന്ന തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യും. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം കണക്ക് കൂട്ടുന്നത്.

ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 60-70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. തിരമാല തീരത്ത് ഒരുമീറ്റര്‍ വരെ ഉയരാം. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

വെള്ളപ്പൊക്ക സാധ്യതയും, കടലാക്രമണ സാധ്യതയുമുള്ള മേഖലകളിൽ താമസിക്കുന്നവരും, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button