Top Stories

അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി; ശക്തമായ മഴയും കാറ്റും തുടരും

തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കെടുതികളുണ്ടായാൽ  നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ വിന്യസിച്ചു. കരസേനയുടെ മൂന്നുസംഘങ്ങൾ കണ്ണൂരിലും കാസർകോടുമുണ്ട്. രണ്ടു സംഘങ്ങളെ തിരുവനന്തപുരത്ത് കരുതിയിട്ടുണ്ട്. തലസ്ഥാനത്ത് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി കൺട്രോൾ റൂമിലേക്ക് 1077 എന്ന നമ്പറിൽ വിളിക്കാം.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചുഴലികാറ്റ് സ്ഥിതി ചെയ്യുന്നത്. വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌  മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button