18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നാളെമുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാന്‍ മര്‍ഗ്ഗരേഖയായി. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്സീന് നല്‍കുക. ഹൃദ്രോഗമുള്‍പ്പടെ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പാടാക്കും.
സ്‌പോട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്‌സിനേഷന്‍. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തില്‍ പരിശോധിക്കും. ആദ്യ ഡോസും രണ്ടാം ഡോസും ഓണ്‍ലൈനിലുടെ മാത്രം. 18- 44 വരെയുള്ളവര്‍ക്കായി പ്രത്യേക ക്യൂ അനുവദിക്കും. ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം.
ജില്ലാ തലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവര്‍ മാത്രമാണ് നാളെ മുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. സെക്കന്‍ഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാതാകും. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.