മന്ത്രിസ്ഥാനം വീതം വെക്കൽ; നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം : മന്ത്രിസ്ഥാനം വീതം വെക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. സി.പി.എമ്മിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐയ്ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നതാണ് നിലവിലെ തീരുമാനം. ആകെ 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കും.
കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. എൽ.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നീ ഒരു എംല്‍എമാരുള്ള കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ. ആര്‍ക്കൊക്കെ ആദ്യം ഊഴം എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.
ആന്‍റണി രാജുവും ഗണേഷ്കുമാറും ആദ്യ രണ്ടര വര്‍ഷവും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും അടുത്ത ടേമിലേക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. ആദ്യം ടേം വേണമെന്നാണ് ഐഎന്‍എല്ലിന്‍റെ ആവശ്യം. അതേ സമയം ടേം വ്യവസ്ഥയില്‍ ഗണേഷിന് അതൃപ്തിയുണ്ട്.
അതേസമയം, എൽ.ജെ.ഡി.ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കില്ല. എൽ.ഡി.എഫിനൊപ്പമുള്ള ആർ.എസ്.പി.ക്കും (ലെനിനിസ്റ്റ്) മന്ത്രിസ്ഥാനമുണ്ടാകില്ല. ജനതാദൾ (എസ്), എൽ.ജെ.ഡി. പാർട്ടികൾ ലയിച്ച് ഒറ്റ പാർട്ടിയായി വന്നാൽ ഒരു മന്ത്രിസ്ഥാനം നൽകാമെന്നാണ് ജെ.ഡി.എസ്. നേതാക്കളുമായുള്ള ചർച്ചയിൽ കോടിയേരി പറഞ്ഞത്. എന്നാൽ, മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് എൽ.ജെ.ഡി. നേതാക്കളോട് സി.പി.എം. അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.