Top Stories

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച 3:30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികളും, ന്യായാധിപന്‍മാരും  ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിവാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 പേരെ ഉൾക്കൊള്ളാവുന്ന സ്ഥലമാണ് സെൻട്രൽ സ്റ്റേഡിയം എന്നും അവിടെ 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയില്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് തന്നെ.

ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യുട്ടീവും ജുഡീഷ്യറിയും. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഈ മൂന്നിനേയും ഒഴിവാക്കാന്‍ കഴിയില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലെ ജനാധിപത്യം അതിന്റെ സത്വയോടെ പുലരൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button