മന്ത്രിസ്ഥാനം പങ്കിടില്ല; 5 കൊല്ലവും മന്ത്രി ശശീന്ദ്രൻ തന്നെ
തിരുവനന്തപുരം : എൻ.സി.പിയുടെ മന്ത്രിസ്ഥാനം തോമസ് കെ. തോമസുമായി പങ്കിടേണ്ടതില്ലെന്ന് നേതൃയോഗത്തിൽ തീരുമാനം. എ.കെ. ശശീന്ദ്രൻ തന്നെ അഞ്ചു വർഷവും മന്ത്രിസ്ഥാനത്ത് തുടരും. പാർട്ടിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനം പരിചയ സമ്പന്നനായ എ.കെ. ശശീന്ദ്രൻ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകും.
ഇന്നു ചേർന്ന യോഗത്തിൽ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വർഷംവീതം മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായം ഉയർന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ അടക്കമുള്ളവർ തോമസ് കെ. തോമസിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽതന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്.
എന്നാൽ, എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തോമസ് കെ. തോമസിന് പരിചയസമ്പത്തില്ല, ആദ്യമായി എം.എൽ.എ. ആകുന്ന വ്യക്തിയാണ് എന്നീ കാരണങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവർത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തിൽ എൻ.സി.പി. എത്തിച്ചേർന്നത്.