വി. ശിവൻകുട്ടി വിദ്യാഭ്യാസ – തൊഴിൽ മന്ത്രി; ബാലഗോപാൽ ധനകാര്യം
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി. വി. ശിവൻകുട്ടി വിദ്യാഭ്യാസ – തൊഴിൽ മന്ത്രിയാകും. കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും. കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്ക് നൽകി. ദേവസ്വം മുതിർന്ന നേതാവ് കെ. രാധാകൃഷ്ണന് നൽകി.
തദ്ദേശസ്വയംഭരണം, എക്സൈസും എം.വി. ഗോവിന്ദന് നൽകി. പി.എ. മുഹമ്മദ്റിയാസിന് പൊതുമരാമത്ത്, ടൂറിസം, വി.എൻ. വാസവന് സഹകരണം, രജിസ്ട്രേഷൻ, ആന്റണി രാജു- ഗതാഗതം, എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്, റോഷി അഗസ്റ്റിൻ–ജലവിഭവ വകുപ്പ്, അഹമ്മദ് ദേവർകോവിൽ- തുറമുഖം, സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം, വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, കെ.രാജൻ- റവന്യു, പി.പ്രസാദ്- കൃഷി, ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്
ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. അതേസമയം, മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.