മലയാളത്തിന്റെ മഞ്ഞിൽ വിരിഞ്ഞ പൂവിന് ഇന്ന് ജന്മദിനം
മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഇന്ന് പിറനാൾ ദിനം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന വില്ലനിൽ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി, ആറാം തമ്പുരാനായി, വാഴുന്ന മോഹൻലാൽ ഇന്ന് 61ാം വയസ്സിന്റെ ചെറുപ്പത്തിലാണ്. മമ്മൂട്ടി യടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.
3 വയസ്സുള്ള കുട്ടി മുതൽ 103 വയസ്സുള്ള വൃദ്ധർ വരെ ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം.
ടിപി ബാലഗോപാലനും, കോൺട്രാക്ടർ സി പിയും, ഡോക്ടർ സണ്ണിയും, ദാസനും ജോജിയും, സേതുമാധവനും, സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനില്‍ക്കുന്നു. മോഹൻലാലിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് ആഘോഷങ്ങളാണ്.
പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബിമലയിൽ തുടങ്ങിയ സംവിധായകരുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി ചിത്രങ്ങൾ മോഹൻലാലിനെ മലയാളികളുടെ അനുജനും ചേട്ടനും മകനും കാമുകനും ഒക്കെ ആക്കിത്തീർത്തു. മഹാനടന്റെ വേഷത്തിൽ നിന്നും സംവിധായകനിലേക്ക് ഇടക്കാല ചുവടുമാറ്റം നടത്തിയിരിക്കയാണ് ‘ബറോസ്’ എന്ന ചിത്രത്തിലൂടെ പ്രിയനടൻ. ‘ബറോസിനും’ ‘കുഞ്ഞാലിമരക്കാരിനും’ ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലക്ഷങ്ങൾ.
പ്രിയ നടന് പിറന്നാൾ ആശംസകൾ.. ♥️