പന്തൽ പൊളിക്കില്ല; കോവിഡ് വാക്‌സിനേഷൻ കേന്ദ്രമാക്കും
തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. ഇത് കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ തീരുമാനിച്ചു.
സ്റ്റേഡിയത്തിൽ തത്‌കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ പന്തൽ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച ഡോ. എസ്.എസ്.ലാൽ ആവശ്യപ്പെട്ടിരുന്നു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ നിരവധിപേർ തിക്കിത്തിരക്കിയാണ് വാക്‌സിനേഷൻ സ്വീകരിക്കാനെത്തുന്നത്.ഇവകൂടി പരിഗണിച്ചാണ് പന്തൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സത്യപ്രതിജ്ഞയ്ക്കായി നിർമിച്ചത്. 5000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തലിൽ നല്ല വായുസഞ്ചാരം കിട്ടും. പന്തൽ കോവിഡ് വാക്സിനേഷന് ഉപയോഗിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.