ഗുസ്തി ചാമ്പ്യന്റെ കൊലപാതകം: ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
ചണ്ഡീഗഢ് : മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിലെ ജലന്ധറിൽ നിന്ന് ഡൽഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. ഒളിവിൽ കഴിയുന്ന സുശീൽ കുമാറിനെതിരേ ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മെയ് നാലാം തീയതിയാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കൊല്ലപ്പെട്ടത്. ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. മറ്റ് ഗുസ്തി താരങ്ങൾക്ക് മുന്നിൽ സാഗർ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.