പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ
ന്യൂഡൽഹി : തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. മാറ്റത്തിന്റെ മുന്നോടിയായി വി.ഡി സതീശൻ എം.എൽ.എയെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് അല്പസമയത്തിനകം ഇറങ്ങും.
കോൺഗ്രസ്സിൽ സമൂല മാറ്റം ഉണ്ടാകണം എന്ന ഒരു വിഭാഗം നേതാക്കളുടെ സമ്മർദ്ദ ഫലമായാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് വഴങ്ങിയതെന്നാണ് സൂചന. എ, ഐ വിഭാഗങ്ങളുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ രമേശ് ചെന്നിത്തല പ്രതിക്ഷ നേതാവാകണം എന്ന തീരുമാനത്തിൽ ഉറച്ചുനിന്നവരായിരുന്നു.
എന്നാൽ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് റിപ്പോർട്ട്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പിന്തുണയറിയിച്ചുവെന്നാണ് വിവരം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.