മൺസൂൺ കാലം: ഗുരുതര രോഗമുള്ളവർക്ക് ആശുപത്രികളിൽ നിന്നും ഒരു മാസത്തേയ്ക്ക് മരുന്നുകൾ നൽകണം
തിരുവനന്തപുരം : മൺസൂൺകാലം ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതര രോഗമുള്ളവർക്ക് ആശുപത്രികളിൽ നിന്നും ഒരു മാസത്തേയ്ക്ക് മരുന്നുകൾ നൽകണമെന്ന് മുഖ്യമന്തി പിണറായി വിജയൻ. ആശുപത്രികൾ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം. ഡോക്സി സൈക്ളിൻ, ഒആർഎസ്, ബ്ലീച്ഛിങ് പൗഡർ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർബന്ധമായും ആ സ്റ്റോക്കിൽ ആവശ്യത്തിനുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൺസൂൺ കാലം ആരംഭിക്കാൻ ഇനി അധിക ദിവസങ്ങളില്ല. കോവിഡ് രോഗവ്യാപനം കൂടി നിലനിൽക്കുന്ന കാലമായതിനാൽ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതൽ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയിൽ കഴിയുന്നവർ, ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ ചികിത്സയിലുള്ളവർ ഉൾപ്പെടെ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ സമഗ്രമായ ലിസ്റ്റുകളും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളിൽ ഇവരുടെ ചികിത്സകൾ മുടങ്ങാതെ നോക്കുന്നതിനു വേണ്ടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ആളുകളെല്ലാം അവരുടെ മെഡിക്കൽ റെക്കോർഡുകൾ നിർബന്ധമായും കയ്യിൽ സൂക്ഷിച്ചു വയ്ക്കണം. അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനായി ജില്ലാ കൺട്രോൾ സെൽ, വാർഡ് മെമ്പർ, ഏതെങ്കിലും സന്നദ്ധസംഘടനയിൽ ഉള്ള വളണ്ടിയർമാരുടെ നമ്പറുകൾ എന്നിവയും സൂക്ഷിക്കണം.
കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ കോവിഡ് നേരിടാൻ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങൾ ബാധിച്ചേക്കാം. ക്യാമ്പുകളിൽ വലിയ ആൾക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുൻകൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളിൽ ഉണ്ടാകാം. മൺസൂൺ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം. ഈ പ്രശ്നങ്ങളെല്ലാം പരമാവധി മറികടക്കാൻ സാധിക്കുന്ന മുന്നൊരുക്കങ്ങൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രധാന ആശുപത്രികളിലെല്ലാം വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൈകാര്യം ചെയ്യാൻ ആവശ്യമായ സർജ് കപ്പാസിറ്റി പ്ലാനും തയ്യാറാക്കുകയും, നടപ്പിലാക്കാൻ ആവശ്യമായ പരിശീലനങ്ങളും നൽകും. അത്യാഹിത ഘട്ടങ്ങളോട് പിഴവില്ലാത്ത രീതിയിൽ പ്രതികരിക്കാൻ സഹായകമായ ഹോസ്പിലറ്റ് എമർജൻസി റെസ്പോൺസ് പ്ലാനും തയ്യാറാക്കി പരിശീലനം നൽകും. ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനായി ആശയവിനിമയ സംവിധാനവും ഒരുക്കും.
ഗർഭിണികൾ, കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ തുടങ്ങി ദുരന്തഘട്ടങ്ങളിൽ ഏറ്റവും ആദ്യം സഹായമെത്തിക്കുകയും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടവരുടെ ലിസ്റ്റുകളും തയ്യാറാക്കുകയാണ്. ഇവരുടെ വീടുകൾ മാപ്പ് ചെയ്യുകയും വേണം. അതിനു പുറമേ, ഇവരെ വളണ്ടിയർമാരുമായി ബന്ധപ്പെടുത്തുകയും അവശ്യഘട്ടങ്ങളിൽ കാലതാമസമില്ലാതെ അവിടെയെത്തി അവരെ സുരക്ഷിതരാക്കാൻ സാധിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.