സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം സ്വാഗതംചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വി.ഡി. സതീശൻ മികച്ച നിയമസഭാ സമാജികനാണ്. അദ്ദേഹത്തിന് ഈ പദവിയിൽ തിളങ്ങാൻ സാധിക്കുമെന്ന് ഉറപ്പുണ്ടന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ അഞ്ച് വർഷം രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹം കഠിനാധ്വാനിയാണ്. പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരമാവധി പ്രയത്നിച്ചു. നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഒന്നിനൊന്ന് മെച്ചമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി രമേശ് ചെന്നിത്തലയെ ചരിത്രം അടയാളപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി അധ്യക്ഷനെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കുന്നുവെന്ന് നേരത്തെ താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാറ്റണമെന്ന കാര്യം പരിഗണിക്കാനും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും സ്വാഗതാർഹമാണന്നും മുല്ലപ്പള്ളി പറഞ്ഞു.