യാസ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകും
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 26-ന് കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. 72 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. എന്നാല്‍ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടും. ഒമാന്‍ നിര്‍ദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താല്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ഇരുപത്തിയാറാം തീയതി വരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോട് കൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത് .