പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതൽ
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. 53 പുതുമുഖങ്ങളും ഇന്ന് എംഎൽഎ മാരായി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 14 വരെ 14 ദിവസമാണ് ഇപ്പോൾ സഭ ചേരാൻ തീരുമാനിച്ചിട്ടുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും.