സുബോധ് കുമാര്‍ ജെയ്‌സ്വാൾ സിബിഐ ഡയറക്ടർ
ന്യൂഡൽഹി : സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജെയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ സിഐഎസ്‌എഫ് ഡയറക്ടര്‍ ജനറലായിരുന്നു സുബോധ് കുമാര്‍. മഹാരാഷ്ട്ര മുന്‍ ഡിജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോയില്‍ ഒന്‍പത് വര്‍ഷത്തെ സേവനവും ജയ്‌സ്വാളിനുണ്ട്. 1985 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസറാണ് ജെസ്വാള്‍.
ഉന്നതാധികാര സമിതി യോഗത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തില്‍ ആറ് മാസത്തില്‍ താഴെ വിരമിക്കാന്‍ ബാക്കിയുള്ളവരെ പരിഗണിക്കേണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അതാണ് സുബോധ് കുമാറിന് അവസരം ലഭിക്കാന്‍ കാരണം. യോഗ്യതകളില്‍ ഏറ്റവും സീനിയോറിറ്റിയും സുബോധ് കുമാറിനായിരുന്നു.
സശസ്ത്ര സീമാ ബല്‍ ഡിജി കെആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി കൗമുദി എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയില്‍ ബെഹ്‌റ ഇടംപിടിച്ചിരുന്നില്ല.
ഋഷികുമാര്‍ ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതോടെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയ്ക്കായിരുന്നു പുതിയ ഡയറക്ടര്‍ വരുന്നത് വരെ സിബിഐയുടെ ചുമതല. 2006ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച സംഘത്തില്‍ മഹാരാഷ്ട്ര പോലീസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.