കനത്ത ജാഗ്രത; യാസ് ചുഴലിക്കാറ്റ് കരയിലേക്ക്
കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര – ബാലസോര്‍ സമീപത്തു കൂടി മണിക്കൂറില്‍ പരമാവധി 130 മുതല്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണ്ണമായി കരയിലേക്ക് കടക്കും.
‘അതിതീവ്ര ചുഴലിക്കാറ്റ്’ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന ‘യാസ്’ മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ, ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്.
കേരളത്തിൽ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.