‘യാസ്’ കര തൊട്ടു
കൊൽക്കത്ത : ‘യാസ്’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് ‘യാസ്’ കരയിൽ ആഞ്ഞുവീശിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്.
പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കനത്ത കാറ്റാണ് വീശുന്നത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു.
മണിക്കൂറിൽ 170 കി.മീറ്റർ വേഗതിയിൽ കൊടുങ്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കൻ ഒഡീഷ, ബംഗാൾ തീരം കടക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്ന പരമാവധി വേഗത – മണിക്കൂറിൽ 185 കിലോമീറ്റർ – മണിക്കൂറിൽ 155 കിലോമീറ്ററായി പരിഷ്ക്കരിച്ചു. ഇത് വൈകുന്നേരത്തോടെ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയായി കുറയുമെന്നുമാണ് പ്രവചിക്കുന്നത്.
ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിൽ അതിജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴയാണ് അനുഭവപ്പെടുന്നത്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.