വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; പ്രത്യേക സര്‍ട്ടിഫിക്കറ്റും
തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പർ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത്പ്രകാരം വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രത്യേക ഫോർമാറ്റിൽ നൽകും. ഈ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറെയാണ് ഈ സർട്ടിഫിക്കറ്റ് നൽകാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ഇങ്ങനെ പോകുന്നവർക്ക് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ നാല് മുതൽ ആറാഴ്ചയ്ക്കുള്ളിൽ എടുക്കുവാനും കഴിയും. പോർട്ടലിൽ ഇത് രേഖപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ ജില്ലകൾ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാർ വാങ്ങിയിട്ടുള്ള വാക്സിൻ സ്റ്റോക്കിൽ നിന്നും നൽകും.
ജില്ലാ അധികാരികൾ വിസ, വിദ്യാർഥികളുടെ അഡ്മിഷൻ രേഖകൾ, ജോലി/ വർക്ക് പെർമിറ്റ് തുടങ്ങിയ രേഖകൾ പരിശോധിച്ച് വേണം വാക്സിൻ നൽകുവാൻ. ഇങ്ങനെ വാക്സിൻ നൽകുമ്പോൾ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്സിനേഷൻ പോളിസി കൂടി പരിശോധിച്ച് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.