സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു
തിരുവനന്തപുരം : കൊവിഡ് സാഹചര്യത്തില്‍ ഒമ്പത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് ഷിഫ്റ്റുകളായിട്ടാണ് പഠനം. ഒരു നേരം അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. ഇതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. മറ്റു ക്ലാസുകള്‍ നടക്കാത്തതിനാല്‍ ഈ ക്ലാസ് മുറികളും ഉപയോഗപ്പെടുത്തും.
പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ തുറന്നിട്ടുള്ളത്. ബാക്കി ക്ലാസുകളിലെ കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരണം. സ്‌കൂളിലെത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട. ഹാജര്‍ നിര്‍ബന്ധമില്ല. ഒരാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതല്‍ കുട്ടികള്‍ക്ക് ഒരേ സമയം പഠനം നടത്താനുള്ള അവസരമൊരുക്കിയേക്കും.