News

വ്യാജ പി.ജി.സർട്ടിഫിക്കറ്റ്: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ്‌ ചെയ്തു

കരുനാഗപ്പള്ളി : മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഗൈനക്കോളജിസ്റ്റിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ടി.എസ്.സീമയെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ചേർത്തല സ്വദേശിയായ ടി.എസ്.സീമ ഏഴുവർഷമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റാണ്.

ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽനിന്ന് 2010-ൽ ടി.എസ്.സീമ എന്നൊരു വിദ്യാർഥി പി.ജി. കോഴ്സ് വിജയിച്ചിട്ടില്ലെന്നു ഉത്തരവിൽ പറയുന്നു. ടി.എസ്.സീമ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പരിൽ മറ്റൊരു വിദ്യാർഥി വിജയിച്ചിരുന്നതായും യൂണിവേഴ്സിറ്റി നൽകിയ മറുപടിയിലുണ്ട്. ഇതേത്തുടർന്നാണ് ടി.എസ്.സീമയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

പടിഞ്ഞാറെ കല്ലട വലിയപാടം സജു ഭവനിൽ സജു നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. 2019-ൽ സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 11-ന് ശ്രീദേവി പ്രസവിച്ചയുടൻ കുഞ്ഞു മരിച്ചു. ചികിത്സയിലെ പിഴവു കാരണമാണ് കുഞ്ഞു മരിച്ചതെന്നു കാണിച്ച് സാബു ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു.

സാബുവിന്റെ പരാതിയെ തുടർന്ന് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഡോക്ടറുടെ യോഗ്യതയെക്കുറിച്ചറിയാൻ മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സാബു വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. യൂണിവേഴ്സിറ്റിയിൽനിന്നു മറുപടി ലഭിച്ചതോടെയാണ് ഡോക്ടർക്ക് മതിയായ യോഗ്യതയില്ലെന്നു വ്യക്തമായത്. ഇതേത്തുടർന്ന്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സാബു പരാതി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button