News
മൂന്ന് പെൺകുട്ടികളുള്ള കുടുംബത്തിന് തണലൊരുക്കി സേവാഭാരതി
കൊല്ലം : കൊല്ലം ചവറ പട്ടത്താനം സൊസൈറ്റി മുക്കിനു സമീപം ചാമക്കാല കിഴക്കേതിൽ അജേഷ് അംബി ദമ്പതികൾക്കും അവരുടെ മൂന്നു പെൺ മക്കൾക്കും ഇനി സ്വന്തമായി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. ഒൻപത് ലക്ഷം രൂപാ മുടക്കി സേവാഭാരതി പ്രവർത്തകർ ഇവർക്ക് സ്വപ്നക്കൂടൊരുക്കി.
അടച്ചുറപ്പുള്ള ഒരു വീടിനായി പഞ്ചായത്തിൽ അപേക്ഷകളുമായി കയറിയിറങ്ങിയിട്ടും യാതൊരു ഫലവും ഇല്ലാത്ത അവസ്ഥയിലാണ് സേവാഭാരതി ഇവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത്. മുൻവർഷങ്ങളിലെ മഴയിൽ ഇടിഞ്ഞു പൊഴിഞ്ഞു വീഴാറായ വീടിനു മുന്നിലിരുന്ന പെൺകുട്ടികളുടെ നിസ്സഹായാവസ്ഥ മനസിലാക്കി അവർക്ക് ഒരു വീട് നിർമിച്ചു നൽകാൻ സേവാഭാരതി പ്രവർത്തകർ മുന്നോട്ടു വരികയായിരുന്നു.
വീടിന്റെ താക്കോൽ ജൂൺ 4 വ്യാഴാഴ്ച രാവിലെ 9ന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കൈമാറി. വീട് നിർമാണത്തിനായി 30 പേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിയ്ക്കുകയും പ്രവർത്തകർ തന്നെ അവരുടെ മറ്റ് ജോലികൾ മാറ്റിവയ്ച്ച് നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. നാല് മുറികളുള്ള വീടാണ് സജ്ജമാക്കിയത്.