സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ. അവശ്യവസ്തുക്കള്‍ ഒഴികെയുള്ള കടകള്‍ തുറക്കില്ല. അന്തര്‍ജില്ലാ യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. വ്യവസായ ഉദ്പാദനവും അവക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ഇളവുണ്ടാകും.
നേരത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ടെസ്റ്റ്പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലാണ്. ജൂണ്‍ 5 മുതല്‍ 9 വരെയുള്ള നിയന്ത്രണം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് താഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.